Friday, June 27, 2008

മഹാശ്വേതാദേവി

പ്രമുഖ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി, കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക്കിന്റേയും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ധരിത്രിദേവിയുടേയും മകളായി,1926ല്‍ കിഴക്കന്‍ ബംഗാളിലെ(ഇപ്പോഴത്തെ ബംഗ്ലാദേശ്) ധാക്കയില്‍ ജനിച്ചു. തിരക്കഥാകൃത്തും നടനുമായ ബിജോണ്‍ ഭട്ടാചാര്യയാണ് ഭര്‍ത്താവ്.മകന്‍ നവരന്‍ ഭട്ടാചാര്യയും എഴുത്തുകാരനാണ്.

വിഭജനാന്തരം പശ്ചിമബംഗാളില്‍ താമസം തുടങ്ങി.ശാന്തിനികേതനിലെ വിശ്വഭാരതി സര്‍‌വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ബിരുദവും കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോളേജ് അദ്ധ്യാപികയും ജേര്‍ണലിസ്റ്റ് ആയും ജോലി നോക്കി.

ഝാന്‍സി റാണി എന്ന ആദ്യപുസ്തകം 1956ല്‍ പുറത്തിറങ്ങി.

അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എന്നും ഭരണകര്‍ത്താക്കളോട് ശബ്ദമുയര്‍ത്തിയിട്ടുള്ള ഇവര്‍ എഴുതാനുള്ള പ്രചോദനത്തെ കുറിച്ച് പറയുന്നതിങ്ങനെ:
"ചരിത്രം രൂപപ്പെടുന്നത് സാധാരണക്കാരിലൂടെയാണെന്നാണ് എന്റെ വിശ്വാസം.എന്റെ രചനകളുടെ മൂലകാരണവും പ്രചോദനവും ചൂഷണങ്ങള്‍ക്ക് മുമ്പില്‍ തോറ്റു കൊടുക്കാത്ത ഇവരാണ്.എന്നെ സം‌ബന്ധിച്ചിടത്തോളം എഴുതാനുള്ള അനന്തമായ വിഭവങ്ങളാണ് അമൂല്യരായ ഇവരിലുള്ളത്."
ഹാജര്‍ ചുരാശിര്‍ മാ,അരണ്യെര്‍ അധികാര്‍,അഗ്നിഗര്‍ഭ മുതലായവാണ് പ്രമുഖ കൃതികള്‍. 2006ല്‍ പത്മ വിഭൂഷണ്‍ ,1997ല്‍ മാഗ്‌സസെ അവാര്‍ഡ്,1996ല്‍ ജ്ഞാനപീഠം എന്നീ പ്രമുഖ പുരസ്കാരങ്ങള്‍ക്കും ഇവര്‍ അര്‍ഹയായി.

ഈ പ്രായത്തിലും ചൂഷണത്തിനിരയാകുന്ന ജനങ്ങള്‍ക്ക് വേണ്ടി ഇവരുടെ ഇടപെടലുകള്‍ അനുകരണീയമാണ്.വല്ലാര്‍പാടം മൂലമ്പിള്ളിയിലെ കുടിയൊഴിക്കലിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയായി അവിടെ എത്തിയ മഹാശ്വേതദേവി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന മലയാള സാഹിത്യപ്രവര്‍‌ത്തകരെ വിമര്‍ശിക്കുകയും ചെയ്തു.

1084ന്റെ അമ്മ എന്ന നോവല്‍ കെ.അരവിന്ദാക്ഷനും കവി ബന്ദ്യ ഘടിഗായിയുടെ ജീവിതവും മരണവും എന്ന നോവല്‍ ആനന്ദും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അവലംബം:http://en.wikipedia.org/wiki/Mahasweta_Devi

Labels: ,

10 Comments:

Blogger വല്യമ്മായി said...

"മഹാശ്വേതാദേവി"-ഒരു പരിചയപ്പെടുത്തല്‍

6/27/2008 2:36 pm  
Blogger ജ്യോനവന്‍ said...

നന്ദി. ഈ അടുത്ത കാലത്ത് നമ്മുടെ മണ്ണില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വ്യക്തിത്വം.
ആനന്ദിന്റെ പരിഭാഷ മാതൃഭൂമിയില്‍ ഉടന്‍ വരുന്നെന്നറിഞ്ഞു. വായിക്കാന്‍ കാത്തിരിപ്പാണ്..................

6/27/2008 9:09 pm  
Blogger Inji Pennu said...

വല്യമ്മായി :)
മിടുക്കി.
മഹാശ്വേതാദേവിയെക്കുറിച്ചും എഴുതിയല്ലോ! നന്ദി. ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു.

6/27/2008 10:56 pm  
Blogger Raji Chandrasekhar said...

അറിവ്
"മഹാശ്വേതാദേവി"-യെക്കുറിച്ച്.

അറിയേണ്ടതാവശ്യവുമായിരുന്നു.

6/27/2008 11:59 pm  
Blogger mmrwrites said...

Very good presentation, Heard about Vallyammai from keralatips.org. Ithu Vallyammai Aanenkil 40 vayassulla njan aaru.. Vallyummooommayo... All the best

6/28/2008 7:15 am  
Blogger Unknown said...

മഹെശ്വതാദേവി എന്ന പോസ്റ്റ് വായിച്ചു. കൊള്ളാം. അവരെ നേരിട്ട് കണ്ട് നടത്തിയ ഒരു അഭിമുഖമാണ് ഓര്‍മ്മ വന്നത്.

ഈ വര്‍ഷമാദ്യമായിരുന്നു അത്. കൊല്‍ക്കത്തയില്‍ വച്ച്. അവിടെ എത്തിയ അന്നുതൊട്ട് തുടങ്ങി ലോകമറിയുന്ന എഴുത്തുകാരിയെ ഒന്നുകാണണം. ഒന്നു സംസാരിക്കണം. ഫോണില്‍ വിളിച്ചു. വ്യക്തമായ മറുപടിയില്ല. പിന്നീട് തുടര്‍ച്ചയായി 3 ദിവസം വിളിച്ചു. ഒടുവില്‍ ലോകമറിയുന്ന എഴുത്തുകാരി എന്നെ തിരിച്ചു വിളിച്ചു. “വരൂ ഇന്ന് വൈകീട്ട് 4ന്‍ എന്റെ വീട്ടിലെത്തിയാല്‍ മതി.” സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. വീട് കണ്ടുപിടിക്കന്‍ വല്യ ബുദ്ധിമുട്ടുണ്ടായില്ല. ഒട്ടും ആര്‍ഭാടമില്ലാത്ത ഒരു പഴയ വീട്. പക്ഷേ ഇന്ത്യ്യിലെ ഏറ്റവും പേരുകേട്ട ഒരു എഴുത്തുകാരിയുടെ വീട്ടിനുമുന്നില്‍ അവരുടെ പേരുവച്ച ഒരു ബോര്‍ഡ് പോലുമില്ല. പകരം മറ്റൊരു ബോര്‍ഡ്. ആ വീടിനെക്കാള്‍ അനാകര്‍ഷകമായ ഒരു ബോര്‍ഡ്. അതില്‍ “നന്ദിഗ്രാം റിലീഫ്” എന്നെഴുതിയിരിക്കുന്നു.
ഹൃദ്യമായ നല്ല ഒരു ചിരിയോടെ സ്വീകരണം. 83ന്റെ നിറവിലും തിരക്കാണ്. നന്ദിഗ്രാം മാത്രമാണ് ഇപ്പൊ മനസില്‍. എഴുതിത്തുടങ്ങിയ ആത്മകഥ 4 പേജില്‍ നിന്നു. പത്തുമാസമായി അതങ്ങിനെ കിടക്കുകയാണ്. കാരണം ചോദിച്ചപ്പോള്‍ മറുപടി ലളിതം. തുടര്‍ന്നെഴുതാന്‍ സമയം കിട്ടുന്നില്ലത്രേ. നന്ദിഗ്രാമിനെക്കുറിച്ച് ആവലാതിപ്പെട്ടു എഴുത്തുകാരി. പിന്നെ ഒന്നര മണിക്കൂര്‍. നന്ദിഗ്രാമിലെ നരനായാട്ട്, സി.പി.എംന്റെ നയമാറ്റങ്ങള്‍, ജ്യോതിബസു, എല്ലാം പറഞ്ഞു ആ അമ്മൂമ്മ. കേരളത്തേക്കുറിച്ചും ഒരുപാട് സംസാരിച്ചു. മനസ് നിറഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു. “ഇനീം വരിക, എപ്പോളെങ്കിലും കൊല്‍ക്കത്തയില്‍ വരുമ്പോള്‍...”

6/28/2008 12:13 pm  
Blogger മുഹമ്മദ് ശിഹാബ് said...

മഹെശ്വതാദേവി എന്ന പോസ്റ്റ് വായിച്ചു. കൊള്ളാം.
നന്ദി.

6/28/2008 6:31 pm  
Blogger Unknown said...

മഹാശ്വേതാദേവിയെ പരിചയപ്പെടുത്തിയതിന്
നന്ദി ഏതാനും മാസം മുമ്പ് അവര്‍ മുഖ്യമന്ത്രിക്ക് അയ്ച്ച കത്ത് മാതൃഭൂമിയില്‍ വന്നിരുന്നു.
അവര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല എന്നതാണ്
വാസ്തവം

6/28/2008 11:15 pm  
Blogger വല്യമ്മായി said...

ജ്യോനവന്‍,ഇഞ്ചി,റെജി മാഷ്,എം.എം.ആര്‍,മുഹമ്മദ് ശിഹാബ്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

അനൂപ്,നന്ദി ആ കത്ത് ഇന്റര്‍നെറ്റിലുണ്ടോ?

പുടയൂര്‍, നന്ദി സ്വാനുഭവം പങ്ക് വെച്ച് പോസ്റ്റിന്റെ മാറ്റ് കൂട്ടിയതിന്,ആ ഇന്റര്‍‌വ്യൂ എതെങ്കിലും രൂപത്തില്‍ പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.

6/29/2008 10:37 am  
Blogger നന്ദ said...

പരിചയപ്പെടുത്തലിന് നന്ദി വല്യമ്മായി.

7/06/2008 12:53 pm  

Post a Comment

<< Home