Friday, March 25, 2011

കവിത,എഴുത്ത്,വായന - കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളില്‍

വാക്യം രസാത്മകം കാവ്യം എന്ന പ്രമാണമാണ് എനിക്കെന്റെ കാവ്യ ജീവിതത്തില്‍ ഏറ്റവുമധികം ധൈര്യം നല്‍കിയിട്ടുള്ളത്.രസാത്മകമായ വാക്യമാണ് കവിത എന്നതിനാല്‍ ഒറ്റ വാക്യത്തിലും കവിതയാകാമല്ലോ.
രസം കവിതയുടെ ജീവന്‍ മാത്രമാണ്.ആത്മാവ് ധ്വനിയാണ്.കവിത മനസ്സില്‍ കടന്നാല്‍ പിന്നീടേത് കാലത്തും അതവിടെ കിടന്ന് മുഴങ്ങി കൊണ്ടിരിക്കും.ഈ മുഴക്കത്തിനാണ് അല്ലാതെ വ്യംഗ്യാര്‍ത്ഥത്തിനല്ല ധ്വനി എന്നു പറയുന്നത്.

കവിത എന്നും വിളങ്ങണമെങ്കില്‍ അതിലെ ആശയം അനശ്വരസത്യമായിരിക്കണം.അതിനാല്‍ ഭംഗിയുള്ള നുണയാണ് കവിത എന്നത് നുണ.

ഞാനെന്റെ കവിത എഴുതുന്നു.അതില്‍ നിങ്ങള്‍ നിങ്ങളുടെ കവിത വായിക്കുന്നു എന്നതു ശരിയാണെങ്കില്‍ നിങ്ങള്‍ വായിക്കുന്ന സമയത്ത് ആസ്വാദനമല്ല സൃഷ്ടി തന്നെയാണ് നടക്കുന്നത്.

(എന്നിലൂടെ)

തേടിയെടുത്ത വാക്കിന് തെളിച്ചം കുറയും.

കണക്കില്ലെങ്കില്‍ കവിതയില്ല
കണക്ക് നോക്കിയാല്‍ കവിത കാണില്ല.

ഞാന്‍ കവിത കണ്ടെടുക്കുകയല്ല.കവിത അതിന്റെ ജനനത്തിന് എന്നെ കണ്ടെടുക്കുകയാണ്.

എഴുതാന്‍ വിഷയമുണ്ടായാല്‍ അതാവിഷ്കരിക്കാനുള്ള ഭാഷയുമുണ്ടാകും.കാരണം ഭാഷയുടെ രൂപത്തില്‍ മാത്രമേ വിഷയം മനസ്സിലുണ്ടാകൂ.

എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്‍ഗാത്മകമാണ്.

വാക്കും വാക്കും ചേര്‍ന്നിരിക്കുന്നതെവിടെയെന്ന് വായനക്കാരനറിയരുത്.വാക്യത്തിലെ വാക്കുകള്‍ അങ്ങനെ ചേര്‍ന്നിരിക്കണം.

കവിത പേന കൊണ്ടെഴുതരുത്,കടലാസിലെഴുതരുത്,മനസ്സ് കൊണ്ട് മനസ്സിലെഴുതണം.

എഴുതാന്‍ വേണ്ടി വായിക്കരുത്,വായിക്കാന്‍ വേണ്ടി എഴുതരുത്.

(അടിയും പൊടിയും)


(അതിയാരത്ത് തറവാട്ടിലെ കല്‍ക്കണ്ടമധുരം ഓര്‍മ്മയായിട്ട് നാളേക്ക് അഞ്ച് വര്‍ഷം തികയുന്നു)

Labels: