Wednesday, December 16, 2009

കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും

ചെറുപ്പത്തില്‍ പല തവണ ഈ പേര്‌ കേട്ടിട്ടുണ്ടെന്നല്ലാതെ അപ്പാപ്പനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. തൃശ്ശൂര്‍ താലൂക്ക്‌ ഇഞ്ചമുടി വില്ലേജില്‍ കരൂപ്പാടം ദേശത്ത്‌ ഇദ്ദേഹത്തിന്‌ ഭാഗം കിട്ടിയ പുരയിടമാണ്‌ എന്റെ വാപ്പ വാങ്ങിയതും 1977 മുതല്‍ ഞങ്ങളവിടെ താമസം തുടങ്ങിയതും.

തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും പുറമേ അമ്പതോളം മാവുകളും മൂന്ന് നാല്‌ പ്ലാവുകളും കടപ്ലാവ്‌, കൊടപ്പുളി, കോല്‍പ്പുളി, വാക,പഞ്ഞി,മുരിങ്ങ,പേരക്ക തുടങ്ങി ഒരു പാട്‌ മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തിയത്‌ അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികരുമാണ്‌.

ബാല്യകൗമാര കാലങ്ങളില്‍ എന്റെ സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കുവെച്ചിരുന്ന പ്രിയപ്പെട്ടവരായിരുന്നു ഈ മരങ്ങളും പുല്‍ക്കൊടികളും അവിടുത്തെ കാറ്റ്‌ പോലും.

ഇപ്പോള്‍ ഈ കഥയൊക്കെ ഓര്‍ക്കാന്‍ എന്തായിരുന്നു കാരണം.റംസാന്‍ കാലത്തെ കുതിച്ചുയരുന്ന പഴവര്‍ഗ്ഗങ്ങളുടെ വിലയെ കുറിച്ചോര്‍ത്തപ്പോഴാണ്‌ ചിന്തകള്‍ ചെറുപ്പത്തിലെ നോമ്പ്‌ കാലത്തേയ്ക്കും എന്റെ പറമ്പിലേക്കും അതിലൂടെ കുഞ്ഞിപ്പാലു അപ്പാപ്പനിലേക്കും എത്തിയത്‌.

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള കാലത്തായിരുന്നു ഞാന്‍ വീട്ടില്‍ വെച്ച്‌ നോമ്പെടുത്ത കാലങ്ങളിലധികവും. വിരുന്നുകാരുള്ളപ്പോള്‍ പോലും പുറത്ത്‌ നിന്നും പഴങ്ങളൊന്നും വാങ്ങാറില്ല.ഇഷ്ടം പോലെ മാങ്ങയും ചക്കയും വാഴപ്പഴങ്ങളും. പച്ചയ്ക്കു പോലും മധുരിക്കുന്ന പ്രിയൂര്‍ മാങ്ങ മുതല്‍ തോട്ടിന്റെ കരയില്‍ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങ വരെ ജ്യൂസടിയ്ക്കാനും മുറിച്ച്‌ തിന്നാനും പാകത്തില്‍ ഒരുപാട്‌ മാങ്ങകള്‍.പിന്നെ പറമ്പിന്റെ അറ്റത്ത്‌ വിളഞ്ഞിരുന്ന കൈതചക്കകളും ഉമ്മ നട്ടു വളര്‍ത്തിയുണ്ടാകിയ വാഴത്തോട്ടത്തില്‍ നിന്നുള്ള വാഴപ്പഴങ്ങളും.ജീരകകഞ്ഞിയ്ക്ക്‌ കൂട്ടിക്കഴിക്കാന്‍ മാങ്ങ അച്ചാറും ഉപ്പ്‌ മാങ്ങയും;അത്താഴത്തിന്‌ മാമ്പഴ പുളിശ്ശേരിയും ഇടിചക്കയും.

ഞങ്ങളുടെ വിശ്വാസ പ്രകാരം നാമൊരു മരം നട്ടു വളര്‍ത്തിയാല്‍ അതിലുണ്ടാകുന്ന ഫലം ഒരു പുഴു തിന്നാല്‍ പോലും നമുക്കു പ്രതിഫലമുണ്ട്‌.സമൃദ്ധമായൊരു കുട്ടിക്കാലവും ഇന്നും സമൃദ്ധമായൊരു പുരയിടവും ഞങ്ങള്‍ക്കൊരുക്കി തന്ന കുഞ്ഞിപ്പാലു അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ക്കും എല്ലാ പ്രതിഫലവും ദൈവം നല്‍കുമാറാകട്ടെ.

Labels:

Wednesday, December 02, 2009

അമ്മ

പങ്ക് വെപ്പിന് ശേഷം
തരിപോലും
ബാക്കിയാകാത്ത അപ്പം

Labels: ,